Anveshifilm
Review

ജീവിതത്തിനും മരണത്തിനുമിടയിലെ ചില നിമിഷങ്ങള്‍! നോവേഔട്ട്, ഉദ്വോഗഭരിതമായൊരു കാഴ്ചാനുഭവം!

ജീവിതത്തില്‍ ഒരിക്കലെങ്കിലും മരണത്തേക്കുറിച്ച് ചിന്തിക്കാത്തവര്‍ വിരളമായിരിക്കും. ചിലരെങ്കിലും മരണത്തിലേക്ക് ഒരിക്കലെങ്കിലും ശ്രമിച്ചവരും ആയിരിക്കും. മരണത്തിൻ്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ വിളിച്ച അനുഭവങ്ങളും അനുഭവിച്ചറിഞ്ഞവര്‍ക്ക് നോവേഔട്ട് ഒരു മികച്ച അനുഭവമായിരിക്കും. നവാഗതനായ നിധിന്‍ ദേവിദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നത് രമേശ് പിഷാരടിയാണ്.

ഡേവിഡ് ചെറിയാന്‍ (രമേശ് പിഷാരടി), കോവിഡ് പ്രതിസന്ധിയുടെ ഇരയായ ഒരു ബിസിനസുകാരനാണ്. പ്രണയ വിവാഹത്തോടെ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട ഡേവിഡിന് മുന്നിലേക്ക് വളരെയധികം മുടക്ക് മുതല്‍ ആവശ്യമുള്ള ബിസിനസ് ആശയം മുന്നോട്ട് വയ്ക്കുന്നത് സുഹൃത്തായ റെജിയാണ് (ബേസില്‍ ജോസഫ്). കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ മുതലും മൂന്നിരിട്ടി ലാഭവും ലഭിക്കും എന്ന മോഹന വാഗ്ദാനത്തിന് മുന്നില്‍ ഡേവിഡ് വീഴുന്നു. മുന്നോട്ടുള്ള ജീവിതത്തിന് മറ്റ് വരുമാന മാര്‍ഗങ്ങള്‍ ഇല്ല എന്നതും ആ ബിസിനസില്‍ മുതല്‍ മുടക്കാന്‍ ഡേവിഡിന് ഒരു കാരണമായിരുന്നു.

കോവിഡ് വില്ലനായി എത്തുമ്പോള്‍ ഏതൊരാളേയും പോലും ഡേവിഡും പ്രതിസന്ധിയിലാകുന്നു. ആ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ഡേവിഡ് എത്തുന്നതില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. പക്ഷെ, അതും അത്ര എളുപ്പമായിരുന്നില്ല. ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള ഡേവിഡിന്റെ സഞ്ചാരമാണ് സിനിമ കാണിച്ചു തരുന്നത്. ഒന്നര മണിക്കൂറില്‍ പ്രേക്ഷകനെ ആകാംഷയുടെ മുള്‍മുനയില്‍ ഇരുത്താന്‍ സംവിധായകന് സാധിക്കുന്നുണ്ട്. ബോറടിപ്പിക്കാതെ പ്രേക്ഷകനെ സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്നതില്‍ സംവിധാകനായ നിധിന്‍ ദേവിദാസ് വിജയിക്കുന്നുണ്ട്.

വലിയൊരു ഇടവേളയ്ക്ക് ശേഷം രമേശ് പിഷാരടി നായകനായി എത്തുന്ന ചിത്രമാണ് നോവേഔട്ട്. ഡേവിഡ് ചെറിയാന്‍ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ സ്‌ക്രീനില്‍ പകര്‍ന്നാടാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഇമോഷണല്‍ രംഗങ്ങളിലെ പ്രകടനം ഓക്കേ ഫീല്‍ ആയിരുന്നു. റൊമാന്‍സിലും പ്രകടനം അല്പം പിന്നോട്ട് പോയെങ്കിലും ചിത്രത്തിലെ കാതലായ രംഗങ്ങളില്‍ മികച്ച പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുന്നുണ്ട്.

ഡേവിഡ് ചെറിയാന് ഏറെ സ്‌പേസ് നല്‍കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, രവീണ എന്നിവര്‍ പ്രത്യക്ഷപ്പെടുന്നെങ്കിലും അവര്‍ സിനിമയില്‍ നിര്‍ണായകമാകുന്നത് ശബ്ദ സാന്നിദ്ധ്യത്തിലൂടെയാണ്. ഒറ്റ ലൊക്കേഷനില്‍ രമേശ് പിഷാരടി എന്ന താരത്തെ മാത്രം കേന്ദ്രീകരിച്ച് കഥ പറയുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്ന ഇഴച്ചില്‍ തെല്ലും അനുഭവപ്പെടുത്താതെ രംഗങ്ങളെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത് വര്‍ഗ്ഗീസ് ഡേവിഡാണ്. രംഗങ്ങളുടെ തീവ്രത സ്‌ക്രീനില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ ഛായാഗ്രഹണത്തിന് സാധിച്ചിട്ടുണ്ട്. കെആര്‍ രാഹുലിന്റെ സംഗീതം സിനിമയ്ക്ക് ജീവന്‍ നല്‍കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഗാനങ്ങളും മികച്ച അനുഭവമായിരുന്നു.

Related posts

മോശം അഭിപ്രായങ്ങൾക്കിടയിലും ഭേദപ്പെട്ട കളക്ഷൻ സ്വന്തമാക്കി ജുറാസിക് വേൾഡ് ഡോമിനേഷൻ; ആദ്യ ദിവസം ഇന്ത്യയിൽ നിന്ന് 10 കോടി

Demo Infynith
2 years ago

അവസാന വാക്ക്- ത്രില്ലർ.. അക്ഷരം ‘ത’..നെഞ്ചിടിപ്പുയർത്തുന്ന ‘അന്താക്ഷരി’

Demo Infynith
3 years ago

ഒരു പക്കാ നാടൻ പ്രേമം 24- ന്

Demo Infynith
2 years ago
Exit mobile version