പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്ത’ അഞ്ചിന് പ്രേക്ഷകരുടെ മുന്നിലേക്ക്. കേരളത്തിന്റെ പത്തിരട്ടി വലിപ്പമുള്ള റുബൂഉൽ ഖാലി മരുഭൂമിയിൽ 2011ലുണ്ടായ ഒരു യഥാർത്ഥ സംഭവ കഥയെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.അമ്മയെ തേടി ഗൾഫിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ അതിജീവനമാണ് കഥയുടെ ഇതിവൃത്തം. നിരവധി ഒമാനി കലാകാരൻമാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ, ഒമാനിലെ ഷൂട്ടിങ് അനുഭവങ്ങളും മറ്റും സംവിധായകൻ അനീഷ് അൻവർ, നടൻ സർജാനോ ഖാലിദ് തുടങ്ങി അണിയറപ്രവർത്തകർ പങ്കുവെച്ചു. ബിദിയയിലെ വുഹൈത സാൻഡിലും മസ്കത്തിലും ആയാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
അലു എന്റർടൈൻമെൻസിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച ചിത്രം അനീഷ് അൻവർ ആണ് സംവിധാനം ചെയ്‌തിരിക്കുന്നത്. സർജ്ജനോ ഖാലിദ് ,അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥയും, തിരക്കഥയും സംഭാഷണവും എഴുതിയത് നവാഗതരായ ഷാഹുൽ, ഫായിസ് മടക്കര എന്നിവർ ചേർന്നാണ്.