‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ നടൻ ഗോകുൽ സുരേഷിനൊപ്പം തുടക്കം കുറിച്ച സംവിധായകനാണ് വിപിൻ ദാസ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തികച്ചും വ്യത്യസ്ത ജോണറിലുള്ള ചിത്രവുമായാണ് സംവിധായകൻ്റെ തിരിച്ചുവരവ്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന മിസ്റ്ററി ത്രില്ലർ “അന്താക്ഷരി”യാണ് സംവിധായകൻ്റെ പുതിയ ചിത്രം.
സൈജു കുറുപ്പ്, സുധി കോപ്പ, വിജയ് ബാബു, ശബരീഷ് വർമ്മ, ബിനു പപ്പു, പ്രിയങ്ക നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിൻ്റെ രചനയും വിപിന്‍ ദാസ് തന്നെയാണ് നിർവ്വഹിച്ചിട്ടുള്ളത്. സുൽത്താൻ ബ്രദേഴ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അല്‍ ജസ്സം അബ്ദുള്‍ ജബ്ബാർ നിർമ്മിച്ച അന്താക്ഷരി സോണി ലിവിലൂടെ നേരിട്ട് പ്രദർശനത്തിന് എത്തുകയായിരുന്നു.
അന്താക്ഷരി എന്ന് കേൾക്കുമ്പോൾ തന്നെ മധുരകരമായ ഒരുപാട് ഓർമ്മകളാകും നമ്മളെ തേടിയെത്തുന്നത്. ഒരിക്കലെങ്കിലും അന്താക്ഷരി കളിച്ചിട്ടില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. കേദാരം എന്ന ഹിൽസ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറും കഥാനായകനുമായ ദാസിൻ്റ ഇഷ്ടവിനോദവും അന്താക്ഷരിയാണ്.
ഭാര്യയ്ക്കും മകൾക്കും ഒപ്പം പാട്ടുപാടി കളിക്കുന്നത് പോരാഞ്ഞിട്ട് പ്രതികളേയും ദാസ് അന്താക്ഷരി കൊണ്ടാണ് നേരിടുന്നത്! താൻ ഇഷ്ടപ്പെട്ടിരുന്ന അന്താക്ഷരിയെ ദാസ് ഭയപ്പെടാൻ തുടങ്ങുന്നതോടെയാണ് കളി മുറുകുന്നത്. തൻ്റെ മകളെ ഒരാൾ കൊല്ലാൻ ശ്രമിക്കുന്നതിനെ തുടർന്ന് ദാസ് നടത്തുന്ന അന്വേഷണങ്ങൾ ദുരുഹമായ മറ്റു ചില മരണങ്ങളേയും കണക്ട് ചെയ്യുന്നു.
കേസ് തെളിയിക്കുക എന്നതിലുപരി തൻ്റെ മകളുടെ ജീവൻ രക്ഷിക്കുന്നതിനായി ദാസിന് പ്രതിയെ പിടികൂടുകയേ നിവർത്തിയുള്ളു. തെളിവുകളുടെ കുറവും, തൻ്റെ പരിമിതികളും, മറ്റ് പ്രതിസന്ധികളും മറികടന്ന് ദാസിന് പ്രതിയിലേക്ക് എത്തിച്ചേരാൻ കഴിയുമോ എന്നാണ് ചിത്രത്തിൽ കാണാനുള്ളത്.
നോൺ ലീനിയറായി കഥ പറയുന്ന ചിത്രം പ്രധാനമായും രണ്ട് സമയരേഖകളിലെ സംഭവങ്ങളെയാണ് ഫോക്കസ് ചെയ്യുന്നത്. പക്ഷേ, സമാന്തരമായ ഈ കഥകളെ ക്ലൈമാക്സിലേക്ക് എത്തുമ്പോൾ കൃത്യമായി യോജിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടില്ല. സംവിധായകൻ സൂചിപ്പിച്ചതനുസരിച്ച് മൂന്നര മണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന ചിത്രത്തെയാണ് രണ്ട് മണിക്കൂറിലേക്ക് എഡിറ്റുചെയ്ത് എത്തിച്ചിരിക്കുന്നത്.
കാരണം എന്തുതന്നെയായാലും ത്രില്ലർ ട്രാക്കിലൂടെ മികച്ചരീതിയിൽ മുന്നേറിയ ചിത്രത്തെ ആ വെട്ടിച്ചുരുക്കൽ കാര്യമായി ബാധിച്ചിട്ടുണ്ട്. നിർണ്ണായകമായ പല ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ ചിത്രം അവസാനിക്കുന്നത് കാണികൾക്ക് നിരാശയേകും. വളരെ പ്രാധാന്യം നൽകി അവതരിപ്പിച്ച കഥാപാത്രങ്ങളേയും, സംഭവങ്ങളേയും നിഷ്ക്കരുണം തഴഞ്ഞുകൊണ്ട് അന്താക്ഷരി കളിച്ച് ചിത്രം അവസാനിപ്പിച്ചപ്പോഴും പ്രേക്ഷകർക്ക് നല്ലൊരു അനുഭവം സമ്മാനിക്കാൻ സാധിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. നീളം കൂടിപ്പോയെന്ന് പരാതി കേൾക്കേണ്ടി വന്നേക്കാമെങ്കിലും, ചില കഥാപാത്രങ്ങളേയും അവരുടെ രംഗങ്ങളേയും ന്യായീകരിക്കാൻ കഴിയുമായിരുന്നെങ്കിൽ 30-45 മിനുട്ടുകൾ കൂടി ചേർക്കുന്നതായിരുന്നു ഉചിതം.