Anveshifilm
Review

ഇത്‌ എന്റെ കഥ; “ക്രിസ്റ്റി’ സംവിധാകയൻ ആൽവിൻ സംസാരിക്കുന്നു.

വീണ്ടുമൊരു പ്രണയക്കാഴ്ചയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുകയാണ് ക്രിസ്റ്റി. നവാഗതനായ ആൽവിൻ ഹെൻറിയാണ് സംവിധായകൻ. ജിത്തു ജോസഫ്, രജിത് ശങ്കർ തുടങ്ങിയ മുൻനിര സംവിധായകർക്കൊപ്പം വർഷങ്ങളോളം പ്രവർത്തിച്ച അനുഭവമുണ്ട് ആൽവിന്. മാത്യുവും മാളവിക മോഹനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ തിരക്കഥ ബെന്യാമിനും ഇന്ദുഗോപനുമാണ്. സംവിധായകൻ ആൽവിൻ സംസാരിക്കുന്നു:

പ്രണയ സിനിമ

ക്രിസ്റ്റിയുടെ കഥ കുറെ വർഷമായി മനസ്സിലുള്ളതാണ്‌. ഇത്‌ എന്റെ കഥ തന്നെയാണ്‌.  ടീനേജ്‌ കാലത്ത്‌  ജീവിതത്തിലുണ്ടായ സംഭവമാണ്‌. ആദ്യ സിനിമയായി മറ്റൊരു കഥ ചെയ്യുന്നതിലും നല്ലത്‌ എന്റെ ജീവിതാനുഭവവുമായി ചേർന്നുനിൽക്കുന്നത്‌  ചെയ്താൽ കൂടുതൽ നന്നാകുമെന്ന ചിന്തയിൽനിന്നാണ്‌ ക്രിസ്റ്റി സംഭവിക്കുന്നത്‌. കോഴിക്കോട്‌ മലബാർ ക്രിസ്‌ത്യൻ കോളേജിൽ പഠിക്കുമ്പോൾ ബെന്യാമിൻ അവിടെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തി. അന്ന് അദ്ദേഹത്തിന്റെ പ്രസംഗം സ്വാധീനിച്ചു. സിനിമ ചെയ്യണമെന്ന്‌ ചിന്തിച്ചപ്പോൾ ആദ്യം ബെന്യാമിനോടാണ്‌ ഈ കഥ പറഞ്ഞത്‌. തുടർന്നാണ്  ഇന്ദുഗോപനിലേക്ക്‌ എത്തുന്നത്‌. എന്റെ നാട് എന്നതിനാൽക്കൂടിയാണ് പൂവാറിൽ ചിത്രീകരിച്ചത്. ആ നാട്ടിലെ കഥാപാത്രത്തിന്‌ ഏറ്റവും അനുയോജ്യമായ ആളെന്ന നിലയിലാണ്‌ മാത്യുവിലേക്ക്‌ എത്തുന്നത്‌. മാളവികയ്‌ക്ക്‌ സിനോപ്‌സ്‌ നൽകിയപ്പോൾ ഇഷ്ടമായി. അങ്ങനെയാണ്‌ മുംബൈയിൽ പോയി കഥ പറയുന്നതും അവർ സിനിമയുടെ ഭാഗമാകുന്നതും. ഇന്ദുഗോപൻ, ബെന്യാമിൻ എന്നിവർ എഴുതുന്ന സിനിമയെന്നതും മാളവികയെ ആകർഷിച്ചു. മലയാളത്തിൽ കുറെ കാലമായി നല്ല പ്രണയ സിനിമകൾ വരുന്നില്ല.  വിണ്ണൈത്താണ്ടി വരുവായ പോലുള്ള സിനിമകൾ ഒരുപാട് ആകർഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള സിനിമ ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്.

സിനിമ നാട്ടിൽ

പൂവാറിന്റെ ഭംഗി മലയാള സിനിമ അത്ര ഉപയോഗപ്പെടുത്തിയിട്ടില്ല. ആദ്യ സിനിമ നാടിന്റെ പശ്ചാത്തലത്തിൽ പറയുക എന്നതിനൊപ്പം ഈ സാധ്യതയും  ഉപയോഗിച്ചു. ക്രിസ്റ്റി പ്രണയ കഥയാണ്. ദ്യശ്യങ്ങൾക്ക് നല്ല പ്രാധാന്യം നൽകിയിട്ടുണ്ട്. പണ്ട് എനിക്കൊരു സ്റ്റിൽ കാമറ ഉണ്ടായിരുന്നു. അതിൽ പൂവാറിന്റെ ദൃശ്യങ്ങളെല്ലാം പകർത്തുമായിരുന്നു. അങ്ങനെ മനസ്സിൽ പതിഞ്ഞ ഫ്രെയിമുകളാണ് സിനിമയിൽ ഉപയോഗിച്ചത്. ചിത്രീകരണസമയത്ത് സഹായത്തിന് നാട്ടുകാർ എല്ലാവരും ഒപ്പമുണ്ടായിരുന്നു.  സിനിമ ചെയ്യുമ്പോൾ നാടിനെക്കൂടി അതിന്റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നതിൽ വലിയ സന്തോഷമുണ്ട്. 

പ്രേക്ഷകർ വരണമെങ്കിൽ പ്രത്യേകത വേണം

ഒരു നിമിഷംപോലും ആളുകൾക്ക് ബോറടിക്കാതെ കാണാൻ കഴിയുന്ന സിനിമയൊരുക്കാനാണ് ശ്രമിച്ചത്. പ്രേക്ഷകരുടെ നിഗമനത്തെക്കുറിച്ച് നമുക്ക് ഒന്നും പറയാൻ കഴിയില്ല. ആളുകൾക്ക് കാണാൻ താൽപ്പര്യമുള്ള ഘടകങ്ങൾ സിനിമയിലുണ്ട് എന്നാണ് വിശ്വസിക്കുന്നത്. അത് ആളുകൾക്കും ബോധ്യപ്പെട്ടാൽ അവർ സിനിമ കാണാനെത്തും. ട്രെയ്‌‌ലർ, പാട്ട് എന്നിവയിലൂടെ അത്തരം സാഹചര്യം സൃഷ്ടിക്കാനായി. തിയറ്ററിൽത്തന്നെ അനുഭവിക്കേണ്ട സിനിമയാണെന്ന് ആളുകൾ തിരിച്ചറിഞ്ഞാൽ കൂടുതൽ പേർ എത്തും.  ജയ ജയ ജയ ജയ ഹേ, രോമാഞ്ചം പോലുള്ള സിനിമകൾ ഇതിന്റെ ഉദാഹരണമാണ്. പഴയപോലെ മിനിമൽ ആയിട്ടുള്ള സിനിമാ പരിപാടിയില്ല. അങ്ങനെയുള്ള സിനിമ കാണാൻ  ആളുകൾക്ക് താൽപ്പര്യമില്ല. എക്സ്ട്രാ ഓർഡിനറിയായി എന്തെങ്കിലും ഉണ്ടെങ്കിൽമാത്രമാണ് ആളുകൾ തിയറ്ററിലേക്ക് വരുന്നത്.

Related posts

ചാർളിയുടെ ഡിജിറ്റൽ അവകാശങ്ങൾ വൂട്ട് സെലക്ടിന്?

Demo Infynith
2 years ago

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ് തുടർന്ന് വിക്രം; കമൽഹാസൻ ചിത്രം 300 കോടി ക്ലബിൽ

Demo Infynith
2 years ago

ഒരു പക്കാ നാടൻ പ്രേമം 24- ന്

Demo Infynith
2 years ago
Exit mobile version