ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന ചിത്രം ഗെറ്റ് സെറ്റ് ബേബിയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ഐവിഎഫ് സ്പെഷ്യലിസ്റ്റ് ആയ ഒരു ഡോക്‌ടർ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. സാമൂഹികപ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. ഈ വിഷയം പ്രതിപാദിക്കുന്നൊരു സിനിമ ആദ്യമായിട്ടായിരിക്കും മലയാളത്തിൽ.
സ്‌കന്ദാ സിനിമാസും കിംഗ്‌സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്. സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്ജ് എന്നിവർ നിർമ്മാണ പങ്കാളികളാവുന്ന ആദ്യസംരഭമാണ് ഈ ചിത്രം. ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ എൻ്റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവർത്തകൾ പ്രത്യാശിക്കുന്നു. അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീതസംവിധാനം സാം സിഎസ് ആണ്. പ്രശസ്‌ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. സുനിൽ കെ ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്‌ത്രാലങ്കാരം സമീറാ സനീഷ്.