നായയും മനുഷ്യനും തമ്മിലെ ആത്മബന്ധം കഥ പറയുന്ന ചിത്രങ്ങൾ നിരവധി വന്നിട്ടുണ്ട്. കഥയുടെ  നിലയിൽ നോക്കിയാൽ വലിയ പുതുമയൊന്നും ചാർളിക്ക് അവകാശപ്പെടാൻ ഇല്ലെങ്കിലും ചിത്രത്തിലെ ഇമോഷനിൽ പ്രേക്ഷകർക്ക് മൂക്ക് കുത്തി വീഴുന്ന കാഴ്‌ചയാണ് തീയേറ്ററിൽ അനുഭവപ്പെടുന്നത്. കൃത്യമായി മനുഷ്യരുടെ ഇമോഷൻ വെച്ച് സംവിധായകൻ മലയാളിയായ കിരൺരാജ് കളിക്കുന്നുണ്ട്. സിനിമ തുടങ്ങുന്ന നിമിഷം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് കഥ പറയുന്ന രീതിയിൽ തന്നെയാണ്. ഓരോ നിമിഷവും പ്രേക്ഷകനെ ലോക്ക് ചെയ്യുന്ന ഇമോഷൻ കൂടി വരുമ്പോൾ ചാർളി കരഞ്ഞ് കണ്ട് തീർക്കാതെ കഴിയില്ല. 

നായ പ്രേമിയല്ലാത്തവർക്കും ചിത്രം എന്തെങ്കിലും തരത്തിൽ കണക്‌ട് ആക്കാൻ കഴിയും എന്നതാണ് ചിത്രത്തിലെ പ്രധാന പോസിറ്റീവ്. ദേഷ്യക്കാരനും ജീവിതത്തിൽ യാതൊരുവിധ അച്ചടക്കവും ഇല്ലാത്ത ധർമയുടെ ജീവിതത്തിൽ ഒരു നായക്കുട്ടി വന്നതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളും ഇരുവരും തമ്മിലെ സ്നേഹത്തിന്റെ ആഴവും സംസാരിക്കുന്ന ചിത്രമാണ് ചാർളി 777. ചില മലയാളികൾക്ക് കന്നഡ സിനിമ ലോകം പരിചയപ്പെടുത്തിക്കൊടുത്ത രക്ഷിത് ഷെട്ടിയുടെ മറ്റൊരു തലത്തിലുള്ള സിനിമയാണ് ചാർളി 777.