ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ഡ്രൈവിംഗ് ലൈസൻസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിർമിക്കുന്നത്.
പുഷ്പ – ദ റൈസ് പാർട്ട് 1 ഉൾപ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ് വൻ തുകക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ തിങ്ക് മ്യൂസിക് കരസ്ഥമാക്കിയിരിക്കുകയാണ്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുകക്കാണ് ഓഡിയോ റൈറ്റ് വിറ്റുപോയിരിക്കുന്നത്.
യക്സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവരാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിവിധ ലൊക്കേഷനുകളിലായി നൂറ്റി ഇരുപത് ദിവസത്തോളം ചിത്രീകരണം നീളുന്ന ചിത്രത്തിൻ്റെ ബജറ്റ് നാൽപത് കോടിയോളമാണ്. സമീപകാലത്ത് മലയാളത്തിൽ ഏറ്റവും മുടക്കുമുതൽ വരുന്ന ചിത്രം കൂടിയാണിത്. കൊച്ചിയിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി, ഗോൽകൊണ്ട ഫോർട്ട്, ബൻജാര ഹിൽസ്, കൊച്ചി, ദുബായ്, കാശ്മീർ എന്നിവിടിങ്ങളിലായിട്ടാണ് നടികർ തിലകത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കുന്നത്. ‘സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ’ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്.