മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടു വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ബറോസ്. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ‘ബറോസ്’ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ബറോസിന്റെ സ്‌പെഷൽ എഫക്ട്‌സ് ഇന്ത്യയിലും തായ്‌ലൻഡിലുമാണ് ചെയ്യുന്നത്. മറ്റു ജോലികൾ മിക്കതും പൂർത്തിയായി. ബ്രഹ്‌മാണ്ഡ ചിത്രമായ ബറോസ് ഡിസംബറിൽ പ്രേക്ഷകർക്കുമുന്നിലെത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. .

ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രെഷർ’ എന്ന കഥയെ ആധാരമാക്കി മോഹൻലാൽ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തിൽ പാസ് വേഗ, റാഫേൽ അമാർഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്.