സിനിമ കടന്നുവന്നത് ജാതിമതവർഗശ്രേണികൾക്കകത്തു തളച്ചിടപ്പെട്ട ഒരു സമൂഹത്തിലേക്കാണ്. അവിടെയുണ്ടായിരുന്ന ഉത്സവങ്ങളും ആഘോഷങ്ങളും ആനന്ദങ്ങളും എല്ലാം അതാതു തട്ടുകൾക്കകത്ത് നിലകൊള്ളുന്നവയായിരുന്നു: ന്യൂനപക്ഷമായ ഒരു കൂട്ടം കൂടിയാട്ടവും കഥകളിയും സംഘക്കളിയും ആസ്വദിച്ചപ്പോൾ മറ്റു സമുദായങ്ങൾ മുടിയേറ്റും തെയ്യവും തിറയും ചവിട്ടുനാടകവും ജനോവാ നാടകവും മറ്റും അവതരിപ്പിച്ചു.
കടൽവഴിവന്ന സംസ്‌കാരങ്ങളും കുടിയേറ്റ സമൂഹങ്ങളും ആയിരിക്കും ആദ്യമായി നാടക കലാരംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുക. കച്ചവടത്തിനായി ഇവിടെയെത്തിയവരും അതിനായി ഇവിടുന്ന് കരവഴിയും കടൽവഴിയും ലോകസഞ്ചാരം നടത്തിയവരും ചരക്കുകൾ മാത്രമല്ല കലാരൂപങ്ങളും കൊണ്ടുവന്നു. അങ്ങനെ സഞ്ചരിച്ചെത്തിയ ആധുനിക മതേതര കലകളാണ് നാടകവും സിനിമയും മറ്റും.നാടകത്തിന്റെ വരവിനെയും സ്വാധീനങ്ങളെയുംകുറിച്ച് ജി ശങ്കരപ്പിള്ള പറയുന്നതിങ്ങനെയാണ്: ‘സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്തുണ്ടായിരുന്ന സംഗീതകലയുടെ സവിശേഷമായ ഉണർച്ചക്കുശേഷമാണ് തമിഴ് നാടകസമ്പ്രദായം നമ്മുടെ നാട്ടിൽ തിരനോട്ടം നിർവഹിക്കുന്നത്. കർണാടക സംഗീതത്തോടുള്ള സാർവത്രികമായ ആഭിമുഖ്യവും പ്രഖ്യാതരായ തമിഴ് സംഗീതജ്ഞന്മാരുടെ തിരുവിതാംകൂർ സന്ദർശനവും, സംഗീതപ്രധാനമായ തമിഴ് നാടകങ്ങൾ ഇവിടെ പ്രചരിക്കുന്നതിന്റെ പരോക്ഷപ്രേരണയായി വർത്തിച്ചിരിക്കാം.
പിന്നീടിങ്ങോട്ടുള്ള കുറേ വർഷങ്ങൾക്കകമാണ് തമിഴരുടെ നാടകസംഘങ്ങൾക്കും അവരുടെ അഭിനയ സമ്പ്രദായങ്ങൾക്കും ഇവിടെ വേരോട്ടം കിട്ടുന്നത്. കർണാടകസംഗീതത്തിന്റെ വിവിധമട്ടിലുള്ള പാട്ടുകളും പാഴ്സി നാടകത്തിന്റെ നിറപ്പകിട്ടുള്ള ഉടയാടകളും എല്ലാം അന്നുവരെ ജനങ്ങൾ ആസ്വദിച്ചുപോന്ന ദൃശ്യസമ്പ്രദായങ്ങൾക്ക് തികച്ചും അന്യമായ ഒരു അവസ്ഥയെയാണ് ചൂണ്ടിക്കാട്ടിയത്.അതുകൊണ്ട് ആ അനുകരണം കൂടുതൽ പ്രചരിച്ചു. നമ്മുടെ പൂർവപാരമ്പര്യങ്ങളുടെ പിന്തുടർച്ചയല്ലാത്ത ഒരു നാടകവേദി അപ്രകാരം നമുക്കുണ്ടായിത്തീരുകയും ചെയ്തു’. (മലയാള നാടകസാഹിത്യചരിത്രം). നാടകചരിത്രകാരനായ ശ്രീകുമാർ ആ ചരിത്രത്തെ ഇങ്ങനെയാണ് വിശദീകരിക്കുന്നത്: ‘1865നും 70നു’ മിടയ്ക്കാണ് ആദ്യത്തെ തമിഴ് നാടകസെറ്റുകൾ തിരുവനന്തപുരത്തെത്തി നാടകം അവതരിപ്പിച്ചത് എന്നുതന്നെ കരുതാം. എന്നാൽ തികച്ചും ‘പ്രൊഫഷണ’ലായ നാടകസെറ്റുകൾ കച്ചവട ലക്ഷ്യത്തോടെ കേരളത്തിൽ നാടകാവതരണം നടത്തിയത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. അനുഷ്ഠാന കലാരൂപങ്ങളും രാമനാട്ടവും കഥകളിയും സംസ്കൃതനാടക തർജമകളും നിറഞ്ഞ ദൃശ്യകലാമണ്ഡലത്തിലേക്കാണ് തമിഴ് നാടകസെറ്റുകളുടെ ആഗമനം.
ഈ കലാരൂപങ്ങൾ സമൂഹത്തിലെ ഉയർന്ന വിഭാഗത്തിനുമാത്രമായി മാറ്റിനിർത്തപ്പെട്ട ഒരവസ്ഥയായിരുന്നു അന്ന്… ഇത്തരമൊരു സാഹചര്യത്തിലാണ് തമിഴ്നാടകക്കാരുടെ ആഗമനം. ആ നാടകങ്ങളുടെ ലാളിത്യവും ആകർഷകത്വവും പളപളപ്പുമെല്ലാം ആദ്യം സ്വാധീനിച്ചത് കലയിൽനിന്നും സാഹിത്യത്തിൽനിന്നും വിദൂരത്ത് നിർത്തപ്പെട്ട സാധാരണ ജനങ്ങളെയാണ്… തമിഴ് നാടകക്കാരുടെ നാടകങ്ങൾ സാഹിത്യപരമായി ഉന്നതങ്ങളല്ലെങ്കിലും അവർക്ക് ഭൂരിപക്ഷം വരുന്ന ആസ്വാദകസമൂഹത്തെ സ്വാധീനിക്കാനായി… വരേണ്യവിഭാഗത്താൽ അടിച്ചമർത്തപ്പെട്ട ഒരു ജനതയെ കലയുടെ സോപാനത്തിലേക്ക്, അതൊരിക്കലും ഉത്തമകലയായിരുന്നില്ലെങ്കിൽക്കൂടി, കൈപിടിച്ചുയർത്തുകയെന്ന മഹനീയകൃത്യമാണ് തമിഴ് നാടകക്കാർ കേരളത്തിൽ ചെയ്തത്. അനുഷ്ഠാന ദൃശ്യകലാരൂപങ്ങളുടെ കാലഘട്ടത്തിൽ പ്രേക്ഷകസമൂഹത്തെ ജാതിയുടെയും വർഗത്തിന്റെയും പേരിൽ വേർതിരിച്ച് നിർത്തിയിരുന്നെങ്കിൽ, തമിഴ് സംഗീതനാടകങ്ങളെ സംബന്ധിച്ച് പ്രേക്ഷകസമൂഹത്തിൽ രണ്ടുവിഭാഗമേ ഉണ്ടായിരുന്നുള്ളൂ വരേണ്യരും മറ്റുള്ളവരും. വരേണ്യർ എന്നും ഈ നാടകങ്ങളെ ‘സമയം കൊല്ലികളെ’ന്ന് അധിക്ഷേപിച്ച് തഴഞ്ഞിട്ടേ ഉള്ളൂ’.സി ജെ തോമസിന്റെ അഭിപ്രായവും അതുതന്നെയാണ്: ‘‘മലയാളഭാഷയുടെ മാതൃസ്ഥാനം തന്നെ കല്പിക്കാവുന്ന തമിഴിൽനിന്ന് മലയാള നാടകപ്രസ്ഥാനത്തിന് സാഹിത്യപരമായി ഒന്നും ലഭിച്ചിട്ടില്ല.തമിഴിന്റെ സംഗീതഭ്രമമോ തമിഴരുടെ സംസ്കാരക്കുറവോ ആയിരിക്കാമതിന് കാരണം. പാണ്ടി രാജ്യത്ത് ഒരു ഗദ്യനാടകം വിജയിക്കുക എന്നത് കാലം കുറെക്കൂടിക്കഴിഞ്ഞ് സംഭവിക്കേണ്ടതാണ്. പക്ഷേ, മലയാള സംഗീത നാടകത്തിന്റെ അമ്മയും അച്ഛനും എല്ലാം തമിഴ്നാടകം തന്നെയാണ്”. മറ്റൊരിടത്ത് സി ജെ മലയാള നാടകത്തിന്റെ ഉത്ഭവം പല സ്രോതസ്സുകളിൽനിന്നാണ് എന്ന് പ്രസ്താവിക്കുന്നുണ്ട്: “മലയാള നാടക പ്രസ്ഥാനം അന്യഭാഷകളിൽനിന്ന് കേരളത്തിനുലഭിച്ച ഒരു സംഭാവനയാണെന്നു പറഞ്ഞാൽ, കാണുന്നതിനെല്ലാം സ്വന്തം പാരമ്പര്യത്തിൽത്തന്നെ ഉല്പത്തിസ്ഥാനം കണ്ടുപിടിക്കണമെന്നുശഠിക്കുന്നവർ നെറ്റി ചുളിച്ചേക്കാം… ചുരുക്കിപ്പറഞ്ഞാൽ മലയാളത്തിലെ പഴയ കലകളിലൊന്നിലും നാടകത്തിന്റെ വേരുകൾ കണ്ടുപിടിക്കാൻ സാധ്യമല്ല… സംസ്കൃതം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽനിന്നുലഭിച്ച പ്രചോദനമാണ് മലയാള നാടകപ്രസ്ഥാനത്തിന്റെ ഉത്ഭവഹേതു.
രസകരമായ കാര്യം ശങ്കരപ്പിള്ളയും സി ജെ തോമസും നാട്ടിൽ പ്രചാരത്തിലുള്ള വിവിധ പ്രകടന/നാടകരൂപങ്ങളെയെല്ലാംതന്നെ സങ്കരരൂപങ്ങളായും സമന്വയത്തിന്റെ ഫലങ്ങളായും കാണുമ്പോൾ, തമിഴ്/പാഴ്‌സി നാടകത്തിന്റെ വരവിനെ അത്തരം ഒരു പ്രക്രിയയുടെയോ തുടർച്ചയുടെയോ ഭാഗമായല്ല കാണുന്നത് എന്നുള്ളതാണ്. ഇവിടെ സങ്കരം/സമന്വയം തുടങ്ങിയ സങ്കല്പങ്ങൾ വിദേശീയം, അനുകരണം, അപചയം തുടങ്ങിയ ആശയങ്ങൾക്കുവഴിമാറുന്നു, അതുതന്നെ ശങ്കരപ്പിള്ളയുടെ വിലയിരുത്തലിൽ അനുകരണത്തിന്റെ അനുകരണം എന്ന രീതിയിലുമായിരുന്നു: ‘ഈ തമിഴ്നാടകസമ്പ്രദായം തന്നെ.
അനുകരണത്തിന്റെ സന്തതിയാണ്. ആ നാട്ടിലെ ഏതെങ്കിലും ഒരു പാരമ്പര്യവുമായി പറയത്തക്ക ബന്ധം അതിനുമില്ല. കഥാസ്വീകാരത്തിൽ ചിലപ്പോൾ കാണുന്ന ഒരു ആധമർണ്യമൊഴിച്ച്. പാഴ്സി നാടകസമ്പ്രദായം, ബോംബെയിൽ കച്ചവടത്തിനും മറ്റും പോയ തമിഴരെ വിഭ്രമിപ്പിച്ചതിന്റെ അനന്തരഫലമാണ് തമിഴ്നാട്ടിൽ ഇത്തരം ഒരു നാടകരൂപം വേരോടിയത്.
കർണാടകത്തിലും പാഴ്സി തിയറ്ററിന്റെ സ്വാധീനം ഉണ്ടായിരുന്നു. ഈ പാഴ്സി തിയറ്റർ ആകട്ടെ കച്ചവടത്തിന് ഇംഗ്ലണ്ടിൽ നിന്നും വന്നിറങ്ങിയവർ ആവിഷ്കരിച്ച വിക്ടോറിയൻ നാടകത്തിന്റെ വികൃതാനുകരണങ്ങളും. ദേശ്യമായ ചില കഥകളും ദേശ്യമായ സംഗീതവും കൂട്ടത്തിൽ ചേർത്തുപോന്നു എന്നുമാത്രം. നാടകാവതരണത്തിന്റെ മറ്റൊരു ഘടകത്തിനും തദ്ദേശീയമായ നാടകപാരമ്പര്യങ്ങളുമായി ബന്ധമേതും ഉണ്ടായിരുന്നില്ല’. ‘കല’ എന്ന വിശേഷപദം അലങ്കരിക്കാൻ യോഗ്യതയില്ലാത്ത, ശുദ്ധ വിനോദമായിട്ടാണ് ഇത്തരം വരത്തൻ കലാരൂപങ്ങൾ വിലയിരുത്തപ്പെട്ടത്. തദ്ദേശീയമായ കഥനപാരമ്പര്യങ്ങളിൽ വേരുകളില്ലാത്ത ആൾക്കൂട്ടങ്ങളെയും ‘നാടോടി’കളെയും ആകർഷിച്ച ഇത്തരം പ്രകടനകലകളെ വരേണ്യസമൂഹം ലോകത്തെല്ലായിടത്തും സംശയത്തോടെയാണ് കണ്ടിരുന്നത്.