റിലീസ് ചെയ്ത ദിവസം മുതൽ ബോക്സ് ഓഫീസിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായ ജയിലർ. 13 ദിവസം പിന്നിടുമ്പോഴും ഈ തരംഗത്തിന് കുറവ് ഒന്നും വന്നിട്ടില്ല എന്നതാണ് ചിത്രം നേടുന്ന കളക്ഷനുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 500 കോടിയും കടന്ന മുന്നേറ്റം തുടരുകയാണ് നെൽസൺ ഒരുക്കിയ ജയിലർ. തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും ഇന്ത്യയിലൊട്ടാകെയും വിദേശത്തും ജയിലർ തരംഗം ആഞ്ഞടിക്കുന്ന കാഴ്ചയാണ് കാണുന്നത്. റെക്കോർഡുകളെല്ലാം ഭേദിച്ച് മുന്നേറുന്ന ചിത്രം ഇന്ത്യയിൽ 300 കോടി ക്ലബിൽ കയറിയ രണ്ടാമത്തെ രജനികാന്ത് ചിത്രമാണ്. 291.80 കോടിയാണ് ചിത്രം ആഭ്യന്തര വിപണിയിൽ സ്വന്തമാക്കിയിരിക്കുന്നത്. 13 ദിവസം കൊണ്ട് 550 കോടി കളക്ഷൻ ആഗോളതലത്തിൽ നേടി.