ഇലവീഴാ പൂഞ്ചിറ സിനിമ കണ്ടവരെല്ലാം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എവിടെയാണ് ഈ സ്ഥലം? അവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടോ? നിമിഷങ്ങൾക്കുള്ളിൽ മഞ്ഞും മഴയും വെയിലും മാറി മാറി വരുന്ന കാലാവസ്ഥയും അതിനി​ഗൂഢമായ, അപകടമൊളിപ്പിച്ച് വെച്ചിരിക്കുന്ന പ്രകൃതിഭം​ഗിയും അത്രമേൽ അതിശയിപ്പിക്കുന്ന ഇലവീഴാ പൂഞ്ചിറയിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് സിനിമ കണ്ടിറങ്ങിയ ചിലരെങ്കിലും ആ​ഗ്രഹിക്കുന്നു. വിദേശ സിനിമകളിൽ കാണുന്ന റെഫ്യൂജി ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന ഒരു പൊലീസ് വയർലെസ് സ്റ്റേഷൻ, കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് പങ്കായം കറങ്ങുന്ന കാറ്റാടി യന്ത്രം, അവിടെ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരുടെ ജീവിത പരിസരങ്ങളിലെ കാഴ്ചകൾ, അവർ ഉപയോ​ഗിക്കുന്ന വസ്തുക്കൾ…അങ്ങനെ ചിരപരിചിതമല്ലാത്ത ചിലതിലൂടെയാണ് ഇലവീഴാ പൂഞ്ചിറയെന്ന സിനിമയുടെ കഥ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നത്. എന്നാൽ, ഒന്നു പറയട്ടെ! പ്രകൃതി ഭം​ഗിയൊഴികെ സിനിമയിൽ നിങ്ങളീ കണ്ട കാഴ്ചകളെല്ലാം സത്യമല്ല. ആറേഴു മാസം കൊണ്ട് ഇലവീഴാ പൂഞ്ചിറയുടെ ആർട്ട് ഡയറക്ടർ ദിലീപ് നാഥും സംഘവും അവിടെ നിർമ്മിച്ചെടുത്തതാണ്. സിനിമയിൽ കാണുന്ന പൊലീസ് വയർലെസ് സ്റ്റേഷൻ യഥാർത്ഥമല്ല. ഷൂട്ടിങ് തുടങ്ങുന്നതിന് മാസങ്ങൾക്ക് മുന്നേ ഇലവീഴാ പൂഞ്ചിറയിലെത്തി കഠിനാധ്വാനം ചെയ്തുണ്ടാക്കിയതാണ് അത്. അൽപ്പം മാറിയുള്ള ഒരു കോൺ​ക്രീറ്റ് കെട്ടിടത്തിലാണ് കുറേ വർഷങ്ങളായി വയർലെസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പൊലീസിന്റെ ഏറ്റവും നിർണായക ഔദ്യോ​ഗിക കേന്ദ്രത്തിൽ ഷൂട്ടിങിന് അനുവാദമില്ലാത്തതിനാൽ, തൊട്ടടുത്ത് പഴകിപ്പൊളിഞ്ഞു കിടന്ന ഒരു തകരക്കൂടിനെ ഈ രൂപത്തിലാക്കിയെടുക്കുകയായിരുന്നു സിനിമാ സംഘം. കലാസംവിധായകൻ ദിലീപ് നാഥിന് പുറമേ, സഹായികളായ രാജേഷ് മേനോൻ, ജിനോദ്, റോണി, സക്കീർ, ചന്ദ്രൻ, ബൈജു, തമ്പാൻ തുടങ്ങിയവരും മരപ്പണി ചെയ്യുന്ന ആശാരിമാരും വെൽഡേഴ്സും അടങ്ങുന്ന വലിയൊരു സംഘത്തിന്റെ രാപ്പകൽ നീണ്ട അധ്വാനഫലമാണ് അക്കാണുന്നതെല്ലാം. കാലാവസ്ഥ മാറി മറിയുന്നതിനാൽ ഓരോന്നും ഉണ്ടാക്കിയെടുക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ദിലീപ് നാഥ് പറയുന്നു. കിലോമീറ്ററുകളോളം നീളുന്ന മലമുകളിലേക്ക് സാധനങ്ങൾ എത്തിക്കുകയെന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. വാഹനം ചെന്നെത്താത്ത സ്ഥലമായതിനാൽ, ഇരുമ്പു തകിടുകളും വലിയ പ്ലൈവുഡ് ഷീറ്റുകളും പണിയായുധങ്ങളും ചുമലിലേറ്റി സംഘാം​ഗങ്ങൾ കിലോമീറ്ററുകളോളം മല കയറി. കുടിവെള്ളം ഉൾപ്പെടെ ചുമലിലെടുത്താണ് കൊണ്ടുവന്നത്. മാനം കറുത്താൽ എവിടെയെങ്കിലും സുരക്ഷിതമായി ഒളിച്ചിരിക്കുക എന്നതായിരുന്നു ആദ്യപാഠം. പണി ചെയ്യുന്നതിനിടെ, തൊട്ടുമുന്നിൽ ഇടിമിന്നൽ വന്നു പതിക്കുന്നത് കണ്ട് ശ്വാസം നിലച്ചുപോയിട്ടുണ്ടെന്ന് ദിലീപ് നാഥ് പറയുന്നു.പൊലീസ് അവിടെ സ്ഥാപിച്ചിരിക്കുന്ന ലൈറ്റ്നിങ് അറസ്റ്ററിൽ ഇടിമിന്നൽ പതിച്ച് തീ​ഗോളമായി മാറുന്നത് കണ്ട് ജോലിക്കാരിൽ പലരും പേടിച്ചു. ഈ പണിക്ക് ഞങ്ങളില്ലെന്ന് പറഞ്ഞ് പിന്തിരിയാൻ ശ്രമിച്ചവരും ഉണ്ട്. അത്രയ്ക്ക് ഭീതിജനകമായ അന്തരീക്ഷമായിരുന്നു അത്. ചിലപ്പോൾ ഭിത്തിയിൽ ഘടിപ്പിച്ച ഇലക്ട്രിക് പ്ല​ഗ് പോയിന്റിൽ നിന്ന് തീപ്പൊരു പാറും. മറ്റ് ചിലപ്പോൾ ഫാനിൽ നിന്ന് ശബ്ദമുയർന്ന് തീയും പുകയും വരും. കാർമേഘം ഉരുണ്ടു കൂടുമ്പോഴേ അവിടെ ജോലി ചെയ്യുന്ന പൊലീസുകാർക്ക് അറിയാം ഇനിയെന്ത് സംഭവിക്കുമെന്ന്. അവർ ഞങ്ങളെ അവരുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വത്തിലേക്ക് മാറ്റും. താഴെ റബ്ബർ ഷീറ്റ് വിരിച്ച ഒരു സ്ഥലം ചൂണ്ടിക്കാട്ടി എല്ലാവരും അവിടെ പോയി നിൽക്കാൻ പറയും -ദിലീപ് പറയുന്നു.ആദ്യം ലൊക്കേഷൻ കാണാനെത്തുമ്പോൾ ഇലവീഴാ പൂഞ്ചിറ പ്രദേശത്തെ പുല്ലുകളൊക്കെ കരിഞ്ഞ് മൊത്തത്തിൽ ഒരു ബ്രൗൺ നിറമായിരുന്നു. ചില ഇറാനിയൻ സിനിമകളുടെ കാഴ്ചയായിരുന്നു പ്രദേശത്തിന്. അത് മനസിൽ വെച്ചാണ് കലാസംവിധാനത്തിലെ ചില കാര്യങ്ങൾ പ്ലാൻ ചെയ്തത്. പക്ഷെ, രണ്ടുദിവസത്തിന് ശേഷം അവിടെയെത്തിയപ്പോൾ കാഴ്ചകൾ മാറി. പൂർണമായും ഹരിതാഭമായി. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഒരു തകരക്കൂടിനെ പൊലീസ് വയർലെസ് സ്റ്റേഷനാക്കിയെടുക്കുകയെന്നതായിരുന്നു ആദ്യ ദൗത്യം. രണ്ടാമത് ചെയ്തത് കാറ്റാടി യന്ത്രമാണ്. നിർമാണത്തിനിടെ മൂന്ന് തവണയാണ് അതിശക്തമായ കാറ്റടിച്ച് അത് നിലംപൊത്തിയത്. ആ ഓരോ വീഴ്ചയിലും ഓരോ അപകട സാധ്യതകൾ ഒളിഞ്ഞു നിന്നു. ചില്ലറ പരിക്കുകൾ പറ്റിയെങ്കിലും ജീവഹാനി പോലെ പേടിച്ചതൊന്നും സംഭവിച്ചില്ല. ഭാ​ഗ്യം. മറ്റ് സിനിമകളിൽ ചില വസ്തുക്കൾ ഉണ്ടാക്കുമ്പോൾ ആർട്ട് ഡയറക്ടർമാർ ചില ചെപ്പടി വിദ്യകൾ കാട്ടാറുണ്ട്. പക്ഷെ, ഇവിടെ ശക്തമായ കാറ്റ് അടിക്കുന്നതിനാൽ ഇരുമ്പ്, തടി, കല്ല്, കോൺ​ക്രീറ്റ്, ആം​ഗ്ലയറുകൾ എല്ലാം യഥാർത്ഥമായി തന്നെ ഉപയോ​ഗിക്കേണ്ടി വന്നു. എന്നിട്ടും കാറ്റാടി യന്ത്രം മൂന്നുതവണ ഒടിഞ്ഞു വീണു.വയർലെസ് സ്റ്റേഷനിൽ കാണുന്ന എല്ലാ ഉപകരണങ്ങളും നിർമ്മിച്ചെടുത്തതാണ്. റിസീവറുകളും വാക്കിടോക്കികളും മലമുകളിൽ, മൊബൈൽ ഫോണിന് റേഞ്ചില്ലാത്തതായിരുന്നു വേറൊരു വെല്ലുവിളി. നിർമാണത്തിന് വേണ്ട ചില അത്യാവശ്യ സാധനങ്ങൾ വാങ്ങണമെങ്കിൽ ആരോടും വിളിച്ച് പറഞ്ഞ് എത്തിക്കാനാകില്ല. കിലോമീറ്ററുകൾ മലയറിങ്ങി, പട്ടണത്തിലെത്തി സാധനങ്ങൾ വാങ്ങുകയേ നിവൃത്തിയുള്ളൂ. സിനിമയിൽ സൗബിനും സുധി കോപ്പയും സിഐയും മൊബൈൽ റേഞ്ച് കിട്ടാനായി കയറി നിൽക്കുന്ന ഒരു പാറയുണ്ട്. അത് ഞങ്ങൾ ഉണ്ടാക്കിയെടുത്തതാണ്. അവിടെ ചെറിയൊരു കല്ലുമാത്രമാണ് ഉണ്ടായിരുന്നത്. സിനിമയിൽ ആ ഇടം വളരെ പ്രധാനപ്പെട്ടതായതിനാൽ അവിടെ വലിയൊരു പാറയുണ്ടാക്കി. സിനിമയിൽ കാണുന്ന വസ്തുക്കളെല്ലാം അവിടെ ഉണ്ടായിരുന്നത് തന്നെയാണ് എന്ന് തോന്നിപ്പിക്കാനായി എന്നതാണ് ഏറെ സന്തോഷം. സിനിമ കണ്ടവർ വിളിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്-ദിലീപ് നാഥ് പറയുന്നു. ദിലീപ് നാഥ് കലാസംവിധാനം ചെയ്ത 24-ാമത്തെ ചിത്രമാണ് ഇലവീഴാ പൂഞ്ചിറ. നായാട്ടിൽ ജോലി ചെയ്യുമ്പോൾ ഷാഹി കബീറുമായുണ്ടായ സൗഹൃദമാണ് ദിലീപ് നാഥിനെ ഇലവീഴാ പൂഞ്ചിറയിലെത്തിച്ചത്. ഷാജി കൈലാസ് -പൃഥിരാജ് ചിത്രമായ കാപ്പയിലാണ് ഇപ്പോൾ ദിലീപ് വർക്ക് ചെയ്യുന്നത്. ബിജുമേനോന്റെ തെക്കൻ തല്ല്, ജോജു ജോർജിന്റെ ഇരട്ട എന്നീ ചിത്രങ്ങൾ ഉടൻ പുറത്തിറങ്ങും. പൃഥിരാജിന്റെ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദിലീപ് സ്വതന്ത്ര കലാസംവിധായകനായത്. ഉയരെ, പൊറിഞ്ചു മറിയം ജോസ്, ഫോറൻസിക്, വൺ, നായാട്ട്, മധുരം, ജന​ഗണമന, ഭ്രമം, കാണക്കാണെ എന്നിവയാണ് ദിലീപ് നാഥ് കലാസംവിധാനം നിർവഹിച്ച പ്രധാന ചിത്രങ്ങൾ. വിജയ് സേതുപതിയുടെ 19 (എ) എന്നചിത്രമാണ് ഇനി ഉടൻ പുറത്തിറങ്ങാനുള്ളത്