പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ യാഷ് നായകനായി അഭിനയിച്ച കെ.ജി.എഫ് ചാപ്റ്റർ 2 മികച്ച പ്രേക്ഷക പിൻതുണയോടെ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. 100 കോടി മുതൽ മുടക്കിൽ ചിത്രീകരിച്ച ഈ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ 800 കോടി പിന്നിട്ടിരിക്കുകയാണ്. ഇതോടെ കെ.ജി.എഫ് മാതൃകയിൽ കുറഞ്ഞ മുതൽ മുടക്കിൽ എങ്ങനെ മികച്ച കലാമൂല്യവും പ്രേക്ഷരെ ആകർഷിക്കുന്ന ഘടകങ്ങളും ഉള്ള സിനിമ ചിത്രീകരിക്കാം എന്ന ചിന്തയിലാണ് ഇന്ത്യയിൽ എല്ലാ ഭാഷകളിലെയും സംവിധായകർ. 

അക്കൂട്ടത്തിൽ ഒരാളാണ് അല്ലു അർജുൻ നായകനായ പുഷ്പയുടെ സംവിധായകൻ സുകുമാർ.  രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന പുഷ്പയുടെ ആദ്യഭാഗം മികച്ച കളക്ഷന്‍ നേടി ബ്ലോക്ബസ്റ്റർ ആയി മാറി. 2023 ൽ പ്രദർശനത്തിനെത്തുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം നിലവിൽ നിർത്തിവച്ചിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

pushpa-2

കെ.ജി.എഫ് ചാപ്റ്റർ 2ന്  ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കൂടുതൽ ദൃശ്യഭംഗിയോടെ പുഷ്പയുടെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ തിരക്കഥയിൽ മാറ്റം വരുത്തുന്നതിന്‍റെ ഭാഗമായാണ് സുകുമാറിന്‍റെ ഈ നീക്കമെന്നാണ് വിവരം. തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും പുഷ്പയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നു. 

എന്നാൽ കെ.ജി.എഫ് സൃഷ്ടിച്ചത് പോലെയുള്ള തരംഗമോ അത്ഭുതകരമായ കളക്ഷനോ നേടാൻ പുഷ്പക്ക് സാധിച്ചില്ല. മാത്രമല്ല ഒരു ശരാശരി അഭിപ്രായമായിരുന്നു പുഷ്പക്ക് കൂടുതലായും ലഭിച്ചത്. പല നിരൂപകരും പുഷ്പയിലെ സ്ത്രീ വിരുദ്ധ രംഗങ്ങളെയും പൊളിട്ടിക്കൽ കറക്ട്നസ്സിലെ പ്രശ്നങ്ങളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. പുഷ്പക്ക് ലഭിച്ച ഈ മോശം അഭിപ്രായങ്ങൾ ചിത്രത്തിന്‍റെ കളക്ഷനിലും പ്രതിഫലിച്ചിരുന്നു.