ചെന്നൈ: ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന ആളായിരുന്നു വിജയകാന്ത്. രജനികാന്തും കമൽ ഹാസനും സൂപ്പർതാര പദവി അലങ്കരിക്കുമ്പോൾ തന്നെ അവർക്കൊപ്പം സൂപ്പർ സ്റ്റാറായി നിന്ന നടൻ. തുടർച്ചയായി ബോക്‌സോഫീസിൽ സിനിമകൾ സൂപ്പർഹിറ്റായതോടെ വിജയകാന്തിനെ സൂപ്പർസ്റ്റാർ എന്നും ആരാധകർ വിളിച്ചു. വിജയകാന്തിന്റെ വിയോ​ഗത്തോടെ തമിഴ്‌നാടിന് നഷ്ടമാകുന്നത് തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിലൊരാളേയും മികച്ച രാഷ്ട്രീയ നേതാവിനേയുമാണ്.

1952 ഓഗസ്റ്റ് 25ന് തമിഴ്നാട്ടിലെ മധുരയിൽ ആണ് വിജയകാന്തിന്റെ ജനനം. 1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിലെ വില്ലനായാണ് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രം നായകൻ എന്ന നിലയിൽ വിജയകാന്തിന്റെ കരിയറിൽ വഴിത്തിരിവായി. സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ ക്ഷുഭിത യൗവ്വനം എന്ന വിശേഷണവും വിജയകാന്തിന് ലഭിച്ചു. നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷണവും ആരാധകർ അദ്ദേഹത്തിന് നൽകി. അദ്ദേഹത്തിന്റെ നൂറാമത്തെ ചിത്രമായ ക്യാപ്റ്റൻ പ്രഭാകരന് (1991) ശേഷമാണ് ‘ക്യാപ്റ്റൻ’ എന്ന വിശേഷണം ലഭിക്കുന്നത്.

2005 സെപ്റ്റംബർ 14ന് അദ്ദേഹം ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 234 സീറ്റുകളിൽ മത്സരിച്ചു. എന്നാൽ വിജയകാന്തിന് മാത്രമാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് ജയിക്കാനായത്.