ഒരു ചെറിയ ഇടവേളക്ക് ശേഷം ദിനോസറുകളെ വീണ്ടും വെള്ളിത്തിരയിൽ എത്തിച്ച ചിത്രമാണ് ജുറാസിക് വേൾഡ് ഡോമിനേഷൻ. ജുറാസിക് വേൾഡ് ട്രയോളജിയിലെ രണ്ടാമത്തെ ചിത്രമായ ജുറാസിക് വേൾഡ് ദി ഫാളൻ കിംഗ്ഡത്തിന് ശേഷം ദിനോസറുകൾ ദ്വീപിന് പുറത്ത് മനുഷ്യർക്കിടയിൽ വന്നതിനെത്തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളെപ്പറ്റി പറയുന്ന ചിത്രമാണ് ഇത്. ചിത്രം ആദ്യ ദിവസമായ ഇന്നലെ 7.75 കോടിയാണ് ഇന്ത്യയിൽ നിന്ന് മാത്രം കളക്ഷൻ നേടിയത്. റിലീസിന് മുൻപ് സംഘടിപ്പിച്ച പെയ്ഡ് പ്രിവ്യൂ ഷോകളിൽ നിന്നും 3.75 കോടി രൂപയും ജുറാസിക് വേൾഡ് ഡോമിനേഷൻ കളക്ഷൻ നേടി. 

ബോക്സ് ഓഫീസ് ഇന്ത്യയുടെ കണക്ക് പ്രകാരം പ്രിവ്യൂ ഷോകൾ ഉൾപ്പെടെ 10.75 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിവസം സ്വന്തമാക്കിയത്. ഡെഡ്ലൈൻ വെബ്സൈറ്റിന്‍റെ കണക്ക് പ്രകാരം ഏകദേശം 55 മില്ല്യൺ ഡോളർ അമേരിക്കയിൽ നിന്നും ജുറാസിക് വേൾഡ് ഡോമിനേഷൻ ആദ്യ ദിവസം നേടി. 3 ദിവസം കൊണ്ട് ചിത്രം 132.5 മില്ല്യൺ കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ. ലോകമെമ്പാടും 4676 തീയറ്ററികളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. എന്നാൽ ജുറാസിക് വേൾഡ് ട്രയോളജിയില്‍ ഏറ്റവും കുറവ് ഓപ്പണിങ്ങ് ലഭിച്ച ചിത്രം കൂടിയാണ് ജുറാസിക് വേൾഡ് ഡോമിനേഷൻ.