പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ശ്യാം കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവർ ത്രില്ലർ ആണ് അപ്സര.. തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ പ്രശസ്തനായ സെന്ന ഹെ​ഗ്ഡയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പോസ്റ്റർ മേക്കിം​ഗ് വിഡിയോ പുറത്തിറക്കിയത്. ഇല്ല്യൂസ്റ്റ്ട്രേഷൻ പോസ്റ്ററിന്റെ ഡിസൈ​ൻ ഇതിനോടകം ചർച്ചയായിരുന്നു. 

സംവിധായകൻ തരുൺ മൂർത്തി തിരക്കഥാകൃത്ത് ദിനിൽ പികെ എഡിറ്റർ നിഖിൽവേണു തുടങ്ങിയ പലപ്രമുഖരും പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.  ദൂരദർശനിലെ  ജനപ്രിയ ആനിമേഷൻ പരിപാടിയായിരുന്ന  കാട്ടിലെ കണ്ണന്റെ സംവിധായകനും അനിമേറ്ററുമായ ജയദീപ് കോതമം​ഗലം ആണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം വീണ്ടും  അനിമേഷൻ രം​ഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് ജയദീപ് കോതമം​ഗലം. 

സദാചാര ഗുണ്ടായിസത്തിന് ഇരയാകുന്ന യുവാവും യുവതിയും അവരിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതാണ് പ്രമേയം. സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്യുന്നതാണ് ചിത്രം. കേരള-തമിഴ്നാട് അതിർത്തിയിൽ നടക്കുന്ന ഒരു സംഭവമായാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലും തമിഴിലും ചിത്രം എത്തും. 

100 സ്റ്റോറീസിന്റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അലൻ ചിറമ്മേൽ, ശരത് വിഷ്ണു ​ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് ചന്ദ്രൻ, ബോബി, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങും ശ്യാം കൃഷ്ണൻ തന്നെയാണ്.  സുഹൃത്തുക്കൾ ചേർന്ന് കുറഞ്ഞ ബജറ്റിൽ ഇടുക്കി വിവിധഭാഗങ്ങളിലായിരുന്നു ചിത്രീകരണം. 

പശ്ചാത്തല സം​ഗീതം സാമുവൽ എബി, ​ഗാനരചന ജയകുമാർ ചെങ്ങമനാട്, ബാൽ ആന്റണി പാപ്പു, പ്രൊഡക്ഷൻ കൺട്രോളർ പ്രമോദ് ചന്ദ്രൻ, ആർട്ട് മുരളി ബി, അമലേഷ്, സഹ സംവിധാനം സുമേഷ് എസ് എസ്, വൈശാഖ് എംഎസ്,ഫൈറ്റ് ടൈ​ഗർ ടിൻസ് ,മേക്കപ്പ് സുരേഷ് ചെമ്മനാട് . ചിത്രം ഒടിടി റിലീസ് ആയിരിക്കും.