ന്യൂഡൽഹി: ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷ അണോ അല്ലയോ എന്ന ചർച്ചയിൽ നിലപാട് വ്യക്തമാക്കി നടി സുഹാസിനി. ഹിന്ദി ഭാഷ വളരെ നല്ലതാണെന്നും അത് എല്ലാവരും പഠിക്കണമെന്നും സുഹാസിനി പറയുന്നു. ഹിന്ദിക്കാർ നല്ലവരാണെന്നും അവരോട് സംസാരിക്കണമെങ്കിൽ ഹിന്ദി നമ്മൾ പഠിക്കണമെന്നുമാണ് സുഹാസിനി പറഞ്ഞത്. അജയ് ദേവ്ഗണും കിച്ച സുദീപും തമ്മിലുള്ള ഭാഷാ വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സുഹാസിനി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ചെന്നൈ ത്യാഗരാജ നഗറിലെ തങ്കൈ ജ്വല്ലറിയിൽ അഷ്ട തൃതീയ പ്രമാണിച്ച് നടന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
‘അഭിനേതാക്കൾ എല്ലാ ഭാഷകളും അറിഞ്ഞിരിക്കണം. എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടണം. എല്ലാവരും എല്ലാ ഭാഷകളോടും ഒരുപോലെ പെരുമാറണം. ഹിന്ദി നല്ല ഭാഷയാണ്. നിങ്ങൾ അത് പഠിക്കണം. ഹിന്ദി സംസാരിക്കുന്നവർ നല്ലവരാണ്. അവരോട് സംസാരിക്കണമെങ്കിൽ ആ ഭാഷ പഠിക്കണം. തമിഴരും നല്ലവരാണ്. നമ്മൾ അവരോട് തമിഴിൽ സംസാരിച്ചാൽ അവർ സന്തോഷിക്കും. എല്ലാവരും തമിഴ് പറഞ്ഞാൽ സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്. ഫ്രഞ്ച് പഠിക്കാൻ ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാൽ തമിഴ്നാട്ടുകാരി അല്ലാതായി മാറില്ല’, സുഹാസിനി പറയുന്നു.
അതേസമയം, ഹിന്ദി ഭാഷാ വിവാദത്തിൽ പ്രതികരിച്ച് ഗായകൻ സോനു നിഗവും രംഗത്ത് വന്നിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദിയെങ്കിലും അത് രാഷ്ട്ര ഭാഷയല്ലെന്നാണ് പത്മശ്രീ ജേതാവായ ഗായകൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ഹിന്ദി ദേശീയ ഭാഷയാണെന്ന് രാജ്യത്തിന്റെ ഭരണഘടനയുടെ എവിടെയും എഴുതി വെച്ചിട്ടില്ലെന്ന് താരം പറയുന്നു.